പരവൂർ: സംസ്ഥാനത്ത് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് നിരവധി സവിശേഷതകൾ.
എസി കോച്ചുകൾ ഇല്ലാത്ത സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നതാണ് ഏറ്റവും വലിയ സവിശേഷത. അമൃത് ഭാരത് എക്സ്പ്രസ് പ്രധാനമായും നോൺ-എസി സ്ലീപ്പർ, ജനറൽ ക്ലാസുകൾ മാത്രമുള്ള ദീർഘദൂര ട്രെയിനുകളാണ്.
800 കിലോമീറ്ററിലധികം ദൂരമുള്ള അല്ലെങ്കിൽ 10 മണിക്കൂറിലധികം യാത്രാസമയമുള്ള നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നുള്ളതാണ് അമൃത് ഭാരതിലൂടെ റെയിൽവേ ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം ട്രെയിനുകളുടെ മുന്നിലും പിന്നിലും ഓരോ ലോക്കോമോട്ടീവുകൾ ഘടിപ്പിച്ചിരിക്കും. നിലവിൽ 22 കോച്ചുകളാണ് ഉള്ളത്, ഇതിൽ 10 സ്ലീപ്പർ കോച്ചുകളും 10 ജനറൽ കോച്ചുകളും രണ്ട് പാഴ്സൽ വാനുകളും ഉൾപ്പെടുന്നു.
സിസിടിവി കാമറകൾ, ബയോ വാക്വം ടോയ്ലറ്റുകൾ, സെൻസർ അധിഷ്ഠിത വാട്ടർ ടാപ്പുകൾ, ചാർജിംഗ് പോയിന്റുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവ ഇതിലുണ്ട്. യാത്രയ്ക്കിടയിലുള്ള കുലുക്കം ഒഴിവാക്കുന്നതിനായി ‘സെമി-പെർമനന്റ് കപ്ലറുകൾ’ ഉപയോഗിച്ചിരിക്കുന്നു.
1,000 കിലോമീറ്ററിന് ഏകദേശം 500 രൂപയാണ് സ്ലീപ്പർ ക്ലാസ് നിരക്ക്. കൂടാതെ അമൃത് ഭാരതിൽ സ്ലീപ്പർ ക്ലാസിൽ ആർഎസി ടിക്കറ്റുകൾ ഉണ്ടാകില്ല; ടിക്കറ്റുകൾ കൺഫേം ആകുകയോ വെയ്റ്റിംഗ് ലിസ്റ്റിൽ ആകുകയോ ചെയ്യും.